NRI entrepreneur ends life as civic body delays building certificate.
വൺ ഇന്ത്യ അസോസിയേഷൻ അപലപിച്ചു
ദോഹ: കണ്ണൂരിലെ ആന്തൂരിൽ കൺവെൻഷൻ സെന്ററിന് പ്രവർത്തനാനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രവാസി സംരംഭകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഖത്തറിലെ ആം ആദ്മി പ്രവർത്തക കൂട്ടായ്‌മയായ വൺ ഇന്ത്യ അസോസിയേഷൻ അപലപിച്ചു.
15 വർഷത്തോളം നൈജീരിയയിൽ പ്രവാസി ആയിരുന്ന കൊറ്റാളി അരയമ്പത്തെ പാറയിൽ സാജൻ (48) ആണ് തന്റെ പ്രവാസ ജീവിതകാല സമ്പാദ്യം മുതൽ മുടക്കി നിർമിച്ച കൺവെൻഷൻ സെന്ററിന് ആന്തൂർ നഗരസഭയിൽ നിന്നുള്ള അനുമതി അനിശ്ചിതകാലമായി നീണ്ടു പോകുന്നതിൽ നിരാശനായാണ് ആത്‌മഹത്യ ചെയ്തത്.
കേരളത്തിന്റെ സാമ്പത്തിക പുരോഗതിയിൽ വലിയ സംഭാവന നൽകുകയും സംസ്ഥാനത്തിന്റെ ഏതു പ്രതിസന്ധി ഘട്ടത്തിലും വിവിധ സർക്കാരുകൾ പ്രതീക്ഷയായി കാണുകയും ചെയ്യുന്ന പ്രവാസി സമൂഹത്തിന് നേരെയുള്ള നീതി നിഷേധത്തിന്റെ ആവർത്തനം ആണ് ഈ സംഭവവും. നിക്ഷ്പക്ഷമായ അന്വേഷണത്തിലൂടെ കുറ്റക്കാരായവരെ സമൂഹത്തിന്റെ മുന്നിൽ തുറന്നു കാട്ടുകയും അർഹമായ ശിക്ഷ നൽകണം എന്നും ഇതിനെ ഒരു ഒറ്റപ്പെട്ട സംഭവവും വെറും ആത്മഹത്യ ആയി കാണുന്നില്ലെന്നും, പ്രതീക്ഷയുമായി സ്വന്തം മണ്ണിലേക്ക് പോകുന്ന ഓരോ പ്രവാസിയോടുമുള്ള നാടിന്റെ തികഞ്ഞ അവഗണന ആണ് തുറന്നു കാണിക്കുന്നതെന്നും, ഈ അടുത്ത കാലത്ത് ഇതേ അനുഭവം ഉണ്ടായ സുഗതൻ എന്ന പ്രവാസിയുടെ ആത്മഹത്യയുടെ അലയൊലികൾ അടങ്ങുന്നതിന് മുൻപ് തന്നെ ഇത്തരം സംഭവം വീണ്ടും ആവർത്തിച്ചതിൽ നിന്ന് വ്യക്തമാകുന്നത് എന്നും വൺ ഇന്ത്യ അസോസിയേഷൻ ഖത്തറിന്റ കേരള കൺവീനർ ഷാജി ഫ്രാൻസിസ് അനുശോചന യോഗത്തിൽ പറഞ്ഞു.